Wednesday, July 17, 2013

"പുത്തന്‍കുളം ശിവന്‍"

പണ്ടുകാലത്ത് ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ കേരളത്തില്‍ ചില ആനപ്രസവങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഒന്നൊന്നര ദശകമായി ആ സ്ഥിതി മാറി. നാട്ടില്‍ ഒരാന പ്രസവിക്കുക എന്നാല്‍ അതു അത്യപൂര്‍വവും അത്യത്ഭുതവുമായി മാറി. അങ്ങനെ ആനപ്രസവം എന്നത് മലയാള മണ്ണിലെ പുതുതലമുറയ്ക്ക് കേട്ടുകേള്‍വി മാത്രമായി മാറിക്കൊണ്ടിരിക്കെ, ആനപ്രേമികളെയാകെ ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിച്ചുകൊണ്ട് 'മാനത്തുനിന്നും പൊട്ടിവീണ' അത്ഭുതപരതന്ത്രക്കുട്ടന്‍ - അവനാണ് പുത്തന്‍കുളം ശിവന്‍. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം സാക്ഷ്യംവഹിച്ച രണ്ട് നാട്ടാനപ്രസവങ്ങളില്‍ ഒന്നിലെ തങ്കത്തിരുമകന്‍; കൊല്ലം പരവൂരിന് സമീപമുള്ള പുത്തന്‍കുളം ഷാജിയുടെ ആനത്താവളത്തിലെ കടിഞ്ഞൂല്‍ കണ്‍മണി! സോണ്‍പുര്‍ ആനച്ചന്തയില്‍ നിന്ന് ഷാജി കണ്ടെത്തി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ലക്ഷ്മിയെന്ന ആനപ്പെണ്ണാണ് ഏഴുവര്‍ഷം മുന്‍പ്‌ പുത്തന്‍കുളത്തെ ആനത്തറവാട്ടില്‍ 'തിരുവയറൊഴിഞ്ഞ്' ശിവന്‍കുട്ടന് ജന്മം നല്‍കിയത്.

ഗര്‍ഭിണിയാണെന്ന സംശയത്തോടെ, അഥവാ ഉറപ്പോടെ തന്നെ ലക്ഷ്മിയെ ഷാജി കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്, ആന നാട്ടില്‍ പ്രസവിക്കുന്നത് കുടുംബത്തിന് ദോഷമെന്ന അന്ധവിശ്വാസത്തെ പൊളിച്ചടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് തന്നെയായിരുന്നു. ഇരുപതു മുതല്‍ ഇരുപത്തിരണ്ടു മാസം വരെ നീണ്ടുനില്‍ക്കുന്ന ആനകളുടെ ഗര്‍ഭകാലവും ഗര്‍ഭപരിചരണവും എല്ലാം കഴിഞ്ഞ്- ആനപ്രസവത്തിനായി ആകാംക്ഷയോടെ കാത്തുകാത്തിരുന്ന മലയാളിയുടെ മടിയിലേക്ക് ലക്ഷ്മിയമ്മാള്‍ പെറ്റിട്ടത് .

പിറന്നുവീണ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സ്വന്തംകാലില്‍ എഴുന്നേറ്റു അമ്മയുടെ അകിട്ടില്‍നിന്നും പാല് നൊട്ടിനുണഞ്ഞ് കുടിക്കുവാനാകും ആനക്കുട്ടിയുടെ തിടുക്കമെങ്കില്‍, പെറ്റുവീണ കുട്ടി ആണോ പെണ്ണോ എന്നറിയാനാവും സ്വാഭാവികമായും നമ്മള്‍ മനുഷ്യരുടെ ആകാംക്ഷ. മനുഷ്യരെപ്പോലെത്തന്നെ ആനകള്‍ക്കിടയിലും ആണ്‍കുഞ്ഞുങ്ങളോടാണ് മലയാളികള്‍ക്ക് കൂടുതല്‍ താത്പര്യം. പക്ഷേ, കുട്ടി ആനയുടേതാകുമ്പോള്‍ ആണ്‍കുഞ്ഞായതുകൊണ്ടുമാത്രം കാര്യമില്ല. ആണ്‍കുഞ്ഞുങ്ങളില്‍ത്തന്നെ മോഴയും കൊമ്പനുമുണ്ടാകാം. വലിയ കൊമ്പുകളില്ലാത്ത ആണാനകളാണ് പൊതുവെ മോഴ എന്നറിയപ്പെടുന്നത്. ആനക്കുട്ടിയുടെ ചീളയില്‍ നിന്നും കൊമ്പുവളര്‍ന്ന് പുറത്തുവരേണ്ടുന്ന രണ്ടര-മൂന്നുവയസ്സോടെ മാത്രമേ ആണ്‍കുഞ്ഞ് കൊമ്പനോ മോഴയോ എന്ന് തീര്‍ത്തുപറയാന്‍ സാധിക്കൂ

പുത്തന്‍കുളം ഷാജിയുടെയും ആനയമ്മ ലക്ഷ്മിയുടെയും പ്രാര്‍ഥനപോലെ ശിവന്‍ ഏതായാലും നല്ല ലക്ഷണമൊത്ത ഒരു കൊമ്പന്‍കുട്ടി തന്നെ. പുത്തന്‍കുളത്തെ ആനത്തറവാട്ടില്‍ വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണമായി അരങ്ങുനിറഞ്ഞ് ആടിയിരുന്ന അമ്മയും മകനും ഏതാനും ആഴ്ച മുമ്പ് പിരിക്കപ്പെട്ടു. നാട്ടില്‍ പിറക്കുന്ന ആനക്കുട്ടികള്‍ക്ക് പൊതുവെ കുറുമ്പ് കൂടുമെന്നാണ് അഭിപ്രായം. എങ്കിലും തന്റെ കുറുമ്പുകള്‍ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തി അടുത്ത ഉത്സവസീസണ്‍ മുതല്‍നെറ്റിപ്പട്ടം കെട്ടി സ്വന്തംകാലില്‍ അരങ്ങിലെത്താനുള്ള തീവ്രപരിശീലനത്തില്‍ ആണ് തത്സമയം പുത്തന്‍കുളം ശിവന്‍ എന്ന കുറുമ്പന്‍ കുട്ടന്‍.


No comments:

Post a Comment